നിങ്ങൾ എപ്പോഴെങ്കിലും നെറ്റ്ഫ്ലിക്സിലോ ആമസോൺ പ്രൈമിലോ സിനിമ കാണാൻ കയറിയിട്ടുണ്ടോ?
നൂറുകണക്കിന് സിനിമകളുണ്ടാകും. നമ്മൾ ഇരുന്ന് സ്ക്രോൾ ചെയ്യും. ട്രെയിലർ കാണും. അടുത്തത് നോക്കും. അങ്ങനെ ഒരു മണിക്കൂർ കഴിയും.
അവസാനം നമ്മൾ എന്ത് ചെയ്യും?
ഒന്നുകിൽ കാണാൻ വന്ന മൂഡ് പോകും, അല്ലെങ്കിൽ നമ്മൾ പണ്ട് കണ്ട ഏതെങ്കിലും സിനിമ തന്നെ വീണ്ടും വെക്കും.

ഇതൊരു വലിയ പ്രശ്നമാണ്. നമ്മൾ വിചാരിക്കുന്നത് “കൂടുതൽ ചോയ്സ്ഉ ണ്ടെങ്കിൽ കൂടുതൽ സന്തോഷം” എന്നാണ്.
പക്ഷേ മനഃശാസ്ത്രം പറയുന്നത് നേരെ തിരിച്ചാണ്. ഓപ്ഷൻസ് കൂടുന്തോറും നമ്മുടെ സമാധാനം കുറയും. ഇതിനെയാണ് ‘പാരഡോക്സ് ഓഫ് ചോയ്സ്’ (The Paradox of Choice) എന്ന് വിളിക്കുന്നത്.

എന്താണ് ഇതിന് കാരണം?

1. തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട് (Paralysis)
നമുക്ക് മുന്നിൽ രണ്ട് തരം ഐസ്ക്രീം ഉണ്ടെങ്കിൽ, ഒന്ന് തിരഞ്ഞെടുക്കാൻ എളുപ്പമാണ്.
പക്ഷേ 30 തരം ഐസ്ക്രീം ഉണ്ടെങ്കിലോ? നമ്മൾ കൺഫ്യൂഷനിലകും. തെറ്റായ തീരുമാനം എടുക്കുമോ എന്ന പേടി കാരണം നമ്മൾ തീരുമാനമേ എടുക്കില്ല. സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്യാൻ അര മണിക്കൂർ എടുക്കുന്നത് അതുകൊണ്ടാണ്.

2. ഖേദം (Regret & FOMO)
കഷ്ടപ്പെട്ട് നമ്മൾ ഒരു സിനിമ തിരഞ്ഞെടുത്തു എന്ന് കരുതുക. അത് കാണുമ്പോഴും നമ്മുടെ മനസ്സിന്റെ ഒരു മൂലയിൽ തോന്നും: “ശ്ശെ! മറ്റേ സിനിമ ഇതിലും നല്ലതായിരുന്നെങ്കിലോ?”
നമ്മൾ തിരഞ്ഞെടുത്ത കാര്യത്തിൽ പൂർണ്ണമായി സന്തോഷിക്കാൻ നമുക്ക് പറ്റില്ല. കാരണം ഉപേക്ഷിച്ച ഓപ്ഷനുകളെക്കുറിച്ച് നമ്മൾ ചിന്തിച്ചുകൊണ്ടേയിരിക്കും.

എന്താണ് പരിഹാരം? 

ബാരി ഷ്വാർട്സ് (Barry Schwartz) എന്ന ചിന്തകൻ ഇതിനൊരു വഴിയും പറയുന്നുണ്ട്.
രണ്ട് തരം ആളുകളുണ്ട്:

  • മാക്സിമൈസേഴ്സ് (Maximizers): ഏറ്റവും മികച്ചത് (Best) മാത്രം വേണം എന്ന് വാശിയുള്ളവർ. ഇവർ എല്ലാ ഓപ്ഷനും പരിശോധിച്ച് സമയം കളയും. അവസാനം കിട്ടിയതിൽ തൃപ്തിയാവുകയുമില്ല.

  • സാറ്റിസ്ഫൈസേഴ്സ് (Satisficers): “ഇത് കുഴപ്പമില്ല, ഗുഡ് ഇനഫ്” എന്ന് ചിന്തിക്കുന്നവർ. ഇവർ വേഗത്തിൽ തീരുമാനമെടുക്കും, എടുത്തതിൽ സന്തോഷിക്കുകയും ചെയ്യും.

ജീവിതത്തിൽ സമാധാനം വേണമെങ്കിൽ നമ്മൾ ‘സാറ്റിസ്ഫൈസർ’ ആകണം.
ഏറ്റവും മികച്ച ഫോൺ, ഏറ്റവും മികച്ച പങ്കാളി, ഏറ്റവും മികച്ച ജോലി… ഇതിനായി കാത്തുനിന്നാൽ കാത്തിരിക്കാനേ സമയം കാണൂ.
കിട്ടിയതിൽ സന്തോഷം കണ്ടെത്തുന്നതാണ് ബുദ്ധി. കുറച്ച് ചോയ്സുകൾ ഉള്ളതാണ് എപ്പോഴും നല്ലത്.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending