നമ്മുടെ ഒരു ശീലമാണ് കാര്യങ്ങളെ സങ്കീർണ്ണമാക്കി ചിന്തിക്കുക എന്നത്. ഒരു ചെറിയ വയറുവേദന വന്നാൽ നമ്മൾ ഗൂഗിളിൽ നോക്കി അത് വലിയ ക്യാൻസർ ആണോ എന്ന് പേടിക്കും. സുഹൃത്ത് മെസ്സേജിന് റിപ്ലൈ തന്നില്ലെങ്കിൽ “അവൻ എന്നെ ഒഴിവാക്കുകയാണോ” എന്ന് ചിന്തിച്ച് കാടുകയറും.

ഈ അമിതചിന്ത ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ടൂൾ ആണ് ‘ഒക്കാംസ് റേസർ’ (Occam’s Razor).

എന്താണിത്? 

വില്യം ഓഫ് ഒക്കാം എന്ന തത്വചിന്തകൻ പറഞ്ഞ കാര്യമാണിത്. ലളിതമായി പറഞ്ഞാൽ:
“ഒരുകാര്യം വിശദീകരിക്കാൻ ഏറ്റവും ലളിതമായ വഴി തിരഞ്ഞെടുക്കുക.”

ഒരു പ്രശ്നത്തിന് പല കാരണങ്ങൾ ഉണ്ടാകാം. അതിൽ ഏറ്റവും കുറവ് ഊഹങ്ങൾ (Assumptions) ആവശ്യമുള്ള കാരണമായിരിക്കും മിക്കവാറും സത്യം. അനാവശ്യമായ വിശദീകരണങ്ങളെ ‘ഷേവ്’ ചെയ്ത് കളയണം എന്നത് കൊണ്ടാണ് ഇതിനെ ‘റേസർ’ എന്ന് വിളിക്കുന്നത്.

ഒരു ഉദാഹരണം

രാത്രി നിങ്ങൾ വീട്ടിലിരിക്കുമ്പോൾ ജനൽ വലിയ ശബ്ദത്തിൽ അടയുന്നു. നിങ്ങൾക്ക് രണ്ട് രീതിയിൽ ചിന്തിക്കാം:

  1. ചിന്ത A: പുറത്ത് ഒരു പ്രേതമുണ്ട്. ആ പ്രേതം ജനൽക്കൽ വന്ന് എന്നെ പേടിപ്പിക്കാൻ വേണ്ടി ജനൽ വലിച്ചടച്ചതാണ്.

  2. ചിന്ത B: പുറത്ത് നല്ല കാറ്റുണ്ട്. കാറ്റത്ത് ജനൽ അടഞ്ഞതാണ്.

ഇവിടെ ചിന്ത A സത്യമാകണമെങ്കിൽ കുറെ കാര്യങ്ങൾ നമ്മൾ വിശ്വസിക്കണം (പ്രേതമുണ്ട്, അത് അവിടെ വന്നു, അതിന് ജനൽ അടക്കാൻ കഴിയും…).
എന്നാൽ ചിന്ത B സത്യമാകാൻ ഒറ്റക്കാര്യം മതി – കാറ്റ്.
ഒക്കാംസ് റേസർ പ്രകാരം, കാറ്റാണ് വില്ലൻ. പ്രേതമല്ല.

ജീവിതത്തിൽ എവിടെ ഉപയോഗിക്കാം?

  1. ആരോഗ്യം: ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾ വലിയ രോഗമാണെന്ന് സങ്കൽപ്പിക്കാതിരിക്കുക. മിക്കവാറും അത് സാധാരണ പനിയോ ജലദോഷമോ ആകാം.

  2. ബന്ധങ്ങൾ: ഒരാൾ നിങ്ങളെ നോക്കി ചിരിച്ചില്ലെങ്കിൽ, അയാൾക്ക് നിങ്ങളോട് ദേഷ്യമാണെന്ന് കരുതരുത്. ചിലപ്പോൾ അയാൾ നിങ്ങളെ കണ്ടു കാണില്ല, അല്ലെങ്കിൽ വേറെന്തെങ്കിലും ചിന്തയിലാകും.

ജീവിതം എപ്പോഴും ലളിതമാണ്. നമ്മളാണ് അത് കോംപ്ലിക്കേറ്റഡ് ആക്കുന്നത്. കുതിരയുടെ കുളമ്പടി ശബ്ദം കേൾക്കുമ്പോൾ സീബ്രയാണോ എന്ന് നോക്കരുത്, അത് കുതിര തന്നെയായിരിക്കും.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending