നമ്മൾ സുഹൃത്തുക്കളുമായോ സോഷ്യൽ മീഡിയയിലോ തർക്കിക്കുമ്പോൾ പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമുണ്ട്. പറഞ്ഞ കാര്യത്തിന് മറുപടി കിട്ടില്ല, പകരം വ്യക്തിപരമായ അധിക്ഷേപം കേൾക്കേണ്ടി വരും. ഇതിനെയാണ് ലോജിക്കിൽ ‘ആഡ് ഹോമിനം’ (Ad Hominem) എന്ന് വിളിക്കുന്നത്.

എന്താണ് ആഡ് ഹോമിനം? 

ലാറ്റിൻ ഭാഷയിൽ ഇതിന്റെ അർത്ഥം “മനുഷ്യന് നേരെ” (To the person) എന്നാണ്.
ഒരാൾ പറയുന്ന കാര്യത്തിലെ (Argument) തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം, പറയുന്ന വ്യക്തിയെ ആക്രമിക്കുന്ന രീതിയാണിത്.

ഫുട്ബോൾ കളിയിൽ പന്ത് കിട്ടില്ലെന്ന് ഉറപ്പാകുമ്പോൾ, എതിരാളിയുടെ കാലിൽ ചവിട്ടുന്നതുപോലെയാണിത്.

ഉദാഹരണങ്ങൾ

ഉദാഹരണം 1:

  • ഡോക്ടർ: “പുകവലി ആരോഗ്യത്തിന് ഹാനികരമാണ്, നിങ്ങൾ അത് നിർത്തണം.”

  • രോഗി: “ഡോക്ടറെന്തിനാ എന്നെ ഉപദേശിക്കുന്നത്? ഡോക്ടറും ഇടയ്ക്ക് വലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ!”

ഇവിടെ രോഗി പറഞ്ഞതിൽ ഒരു ലോജിക് ഇല്ല. ഡോക്ടർ വലിക്കുന്നുണ്ടോ ഇല്ലയോ എന്നത്, പുകവലി ആരോഗ്യത്തിന് നല്ലതാണോ എന്ന ചോദ്യത്തിന് ഉത്തരമല്ല. ഡോക്ടർ വലിച്ചാലും ഇല്ലെങ്കിലും പുകവലി മോശമാണ്. പറയുന്ന ആളുടെ കുറ്റം കണ്ടുപിടിച്ച്, അയാൾ പറഞ്ഞ സത്യത്തെ തള്ളിക്കളയുന്ന രീതിയാണിത്.

ഉദാഹരണം 2:

  • വ്യക്തി A: “നമ്മുടെ നാട്ടിലെ റോഡുകൾ നന്നാക്കണം.”

  • വ്യക്തി B: “അതൊന്നും നീ പറയേണ്ട, നീ പത്താം ക്ലാസ് പോലും പാസ്സായിട്ടില്ല.”

റോഡ് നന്നാക്കുന്നതും പത്താം ക്ലാസ് പാസ്സാകുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല. എങ്കിലും, വ്യക്തി B, മറ്റേയാളുടെ യോഗ്യതയെ ചോദ്യം ചെയ്ത് വിഷയം മാറ്റാൻ ശ്രമിക്കുന്നു.

നമ്മൾ എന്ത് പഠിക്കണം? 

ആര് പറയുന്നു എന്നതിലല്ല, എന്ത് പറയുന്നു എന്നതിലാണ് കാര്യം.
ഒരു കള്ളൻ “മോഷ്ടിക്കുന്നത് തെറ്റാണ്” എന്ന് പറഞ്ഞാലും, ആ വാചകം ശരിയാണ്. കള്ളൻ പറഞ്ഞു എന്നതുകൊണ്ട് മോഷണം ശരിയാകില്ലല്ലോ?

അടുത്ത തവണ ആരെങ്കിലും തർക്കിക്കാൻ വരുമ്പോൾ ശ്രദ്ധിക്കുക: അവർ നിങ്ങളുടെ ആശയത്തെയാണോ എതിർക്കുന്നത്, അതോ നിങ്ങളെയാണോ ആക്രമിക്കുന്നത്?


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending