ഒരു ഗ്രാമത്തിൽ ജന്മനാ അന്ധനായ ഒരാൾ ജീവിച്ചിരുന്നു. കണ്ണിന് കാഴ്ചയില്ലെങ്കിലും പുറംലോകത്തെ കാര്യങ്ങളെക്കുറിച്ച് നല്ല അറിവുള്ള ആളായിരുന്നു അദ്ദേഹം. ഒരു ദിവസം അദ്ദേഹം തന്റെ സുഹൃത്തിനെ സന്ദർശിച്ച ശേഷം രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൂരിരുട്ടുള്ള രാത്രിയായിരുന്നു അത്.
അദ്ദേഹം യാത്ര പറയാൻ ഇറങ്ങിയപ്പോൾ സുഹൃത്ത് കയ്യിൽ ഒരു റാന്തൽ വിളക്ക് കൊടുത്തു. “രാത്രി നല്ല ഇരുട്ടാണ്. ഇത് കയ്യിൽ വെച്ചോളൂ.” സുഹൃത്ത് പറഞ്ഞു.
അന്ധനായ മനുഷ്യൻ ചിരിച്ചുകൊണ്ട് ചോദിച്ചു: “എന്തിനാണ് എനിക്ക് വിളക്ക് ? വെളിച്ചവും ഇരുട്ടും എനിക്ക് ഒരുപോലെയാണ്. എനിക്ക് വഴി നടക്കാൻ ഇതിന്റെ ആവശ്യമില്ലല്ലോ.”
സുഹൃത്ത് പറഞ്ഞു: “ഇത് താങ്കൾക്ക് വേണ്ടിയല്ല, മറിച്ച് എതിരെ വരുന്നവർക്ക് വേണ്ടിയാണ്. കയ്യിൽ വെളിച്ചമുണ്ടെങ്കിൽ ആരും വന്ന് താങ്കളുടെ ദേഹത്ത് ഇടിക്കില്ലല്ലോ.”
അതൊരു നല്ല കാര്യമാണെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം ആ വിളക്കും കയ്യിൽ പിടിച്ച് നടന്നു. ഗ്രാമവഴികളിലൂടെ അദ്ദേഹം ആത്മവിശ്വാസത്തോടെ നടന്നു നീങ്ങി.
കുറെ ദൂരം നടന്നപ്പോൾ പെട്ടെന്ന് ഒരാൾ വന്ന് അദ്ദേഹത്തിന്റെ ദേഹത്ത് ശക്തിയായി ഇടിച്ചു. രണ്ടുപേരും വേച്ചുപോയി. അന്ധനായ മനുഷ്യന് ദേഷ്യം വന്നു. അദ്ദേഹം ചോദിച്ചു:
“ഹേയ്, താങ്കൾക്ക് കണ്ണുകൂടെ? എന്റെ കയ്യിൽ ഇരിക്കുന്ന ഈ വിളക്ക് താങ്കൾ കണ്ടില്ലേ?”
വന്ന് ഇടിച്ചയാൾ ആശ്ചര്യത്തോടെ പറഞ്ഞു: “വിളക്കോ? താങ്കളുടെ കയ്യിലിരിക്കുന്ന വിളക്ക് എപ്പോഴേ കെട്ടുപോയിരിക്കുന്നു സഹോദരാ. അതിൽ വെളിച്ചമില്ല.”
അന്ധനായ മനുഷ്യൻ ഒരു നിമിഷം സ്തബ്ധനായി നിന്നു. അന്യർക്ക് വേണ്ടി കരുതിയ വെളിച്ചം എപ്പോൾ വേണമെങ്കിലും കെട്ടുപോകാം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്വന്തം ഉള്ളിലെ വെളിച്ചം കൊണ്ട് മാത്രമേ ഇരുട്ടിനെ തടയാൻ കഴിയൂ എന്ന് ആ നിമിഷം അദ്ദേഹത്തിന് മനസ്സിലായി. പിന്നീട് അദ്ദേഹം ആരോടും പരാതി പറയാതെ, തന്റെ വഴിയേ സാവധാനം നടന്നു നീങ്ങി.
ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.



