ഇതൊരു പഴയ കഥയാണ്.
രണ്ട് സന്യാസിമാർ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് അവർ ഒരു പുഴയുടെ കരയിലെത്തിയത്. അവിടെ ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു.
പുഴ കടക്കാൻ അവൾക്ക് പേടിയാണ്.

ഇത് കണ്ട മുതിർന്ന സന്യാസി ഒന്നും ആലോചിച്ചു നിന്നില്ല. അവളെ എടുത്ത് തോളിലിട്ടു, പുഴ കടത്തി അപ്പുറത്തെ കരയിൽ കൊണ്ടുപോയി ആക്കി. എന്നിട്ട് അദ്ദേഹം യാത്ര തുടർന്നു.
കൂടെയുണ്ടായിരുന്ന ജൂനിയർ സന്യാസിക്ക് ഇത് കണ്ടിട്ട് വലിയ ഷോക്കായിപ്പോയി. സന്യാസിമാർ സ്ത്രീകളെ തൊടാൻ പാടില്ല എന്നല്ലേ നിയമം?

അയാൾ ഒന്നും മിണ്ടാതെ ഗുരുവിനൊപ്പം നടന്നു. പക്ഷേ മനസ്സ് മുഴുവൻ ഇതായിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞു. അവസാനം അയാൾക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല.
“ഗുരൂ, നമ്മൾ സന്യാസിമാരല്ലേ? ആ പെൺകുട്ടിയെ തൊട്ടത് തെറ്റല്ലേ?”

ഗുരു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:
“അതിനെക്കുറിച്ചാണോ നീ ഇത്രയും നേരം ആലോചിച്ചത്? ആ കുട്ടിയെ ഞാൻ പുഴക്കരയിൽ ഇറക്കി വിട്ടല്ലോ. നീ ഇപ്പോഴും അവളെ ചുമന്നുകൊണ്ട് നടക്കുകയാണോ?”

നമ്മളും ഇങ്ങനെ തന്നെയാണ്.
കഴിഞ്ഞുപോയ കാര്യങ്ങൾ (Past) നമ്മൾ ചുമന്നുകൊണ്ട് നടക്കും.
ആരോ എപ്പോഴോ പറഞ്ഞ ഒരു വാക്ക്, ചെയ്ത ഒരു തെറ്റ്… അതൊക്കെ അവിടെ തീർന്നു. പക്ഷേ നമ്മൾ അത് മനസ്സിലിട്ട് ഭാരം കൂട്ടിക്കൊണ്ടിരിക്കും.
നടന്നു തീർത്ത വഴിയിലെ ഭാരം അവിടെ ഇറക്കിവെക്കണം. എങ്കിലേ മുന്നോട്ട് നടക്കാൻ പറ്റൂ.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending