ഒരിക്കൽ സത്യം അന്വേഷിച്ചു നടക്കുന്ന ഒരാൾ ഒരു സന്യാസിയുടെ അടുത്ത് ചെന്നു. അയാൾക്ക് സ്വർഗ്ഗവും നരകവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയണമായിരുന്നു.
“സ്വാമി, മരിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിലും നരകത്തിലും എന്താണ് സംഭവിക്കുന്നത്? എനിക്ക് അതൊന്നു കാണിച്ചു തരാമോ?” അയാൾ ചോദിച്ചു.
സന്യാസി അയാളുടെ കൈ പിടിച്ച് കണ്ണുകൾ അടയ്ക്കാൻ പറഞ്ഞു. അയാൾ കണ്ണുതുറന്നപ്പോൾ കണ്ടത് നരകമാണ്.
അവിടെ വലിയൊരു ഹാൾ ഉണ്ടായിരുന്നു. ഹാളിന്റെ നടുവിൽ വലിയൊരു പാത്രത്തിൽ രുചികരമായ ഭക്ഷണം ആവി പറന്ന് ഇരിക്കുന്നു. ആ മണം കേട്ടാൽ ആർക്കും കൊതിയൂറും. ആ പാത്രത്തിന് ചുറ്റും കുറെയധികം ആളുകൾ ഇരിക്കുന്നുണ്ട്.
പക്ഷെ, അവരെല്ലാവരും എല്ലും തോലുമായി മെലിഞ്ഞുണങ്ങിയവരാണ്. അവരുടെ മുഖത്ത് വലിയ വിശപ്പും സങ്കടവും കാണാം. അവരുടെ കയ്യിൽ ഭക്ഷണം കഴിക്കാനുള്ള വടികൾ ഉണ്ട്. പക്ഷെ ആ വടികൾക്ക് ഒരു കുഴപ്പമുണ്ട്. അവയ്ക്ക് ഓരോന്നിനും ഒരാളുടെ കൈയ്യേക്കാൾ നീളമുണ്ട്!
ആ നീളമുള്ള വടികൾ കൊണ്ട് പാത്രത്തിൽ നിന്ന് ഭക്ഷണം എടുക്കാൻ അവർക്ക് കഴിയുന്നുണ്ട്. പക്ഷെ വടിയുടെ നീളം കാരണം, ആ ഭക്ഷണം സ്വന്തം വായിലേക്ക് വെക്കാൻ അവർക്ക് കഴിയുന്നില്ല. ഭക്ഷണം ചുണ്ടിലെത്തുന്നതിന് മുമ്പ് താഴെ വീണുപോകുന്നു. മുന്നിൽ രുചിയുള്ള ഭക്ഷണം ഉണ്ടായിട്ടും, അത് കഴിക്കാൻ കഴിയാതെ അവർ പരസ്പരം തല്ലുകൂടുകയും കരയുകയും ചെയ്യുന്നു.
“കണ്ടോ, ഇതാണ് നരകം.” സന്യാസി പറഞ്ഞു. “ഇനി നമുക്ക് സ്വർഗ്ഗം കാണാം.”
അവർ അടുത്ത സ്ഥലത്തെത്തി. അവിടെയും നേരത്തെ കണ്ടതുപോലെ വലിയൊരു ഹാൾ. നടുവിൽ രുചികരമായ ഭക്ഷണം നിറച്ച പാത്രം. ചുറ്റും കുറെ ആളുകൾ. അവരുടെ കയ്യിലും നേരത്തെ കണ്ട അതേ നീളമുള്ള വടികൾ തന്നെയാണുള്ളത്.
പക്ഷെ ഇവിടുത്തെ കാഴ്ച മറ്റൊന്നായിരുന്നു.
ഇവിടെയുള്ള ആളുകൾ നല്ല ആരോഗ്യവാൻമാരാണ്. അവർ ചിരിച്ചും കളിച്ചും സന്തോഷത്തോടെ ഇരിക്കുന്നു. ആരും പട്ടിണി കിടക്കുന്നില്ല.
അയാൾക്ക് അത്ഭുതമായി. “ഇതെങ്ങനെ സാധിക്കുന്നു? നരകത്തിലുള്ള അതേ നീളമുള്ള വടികൾ തന്നെയല്ലേ ഇവരുടെ കയ്യിലും ഉള്ളത്? പിന്നെങ്ങനെ ഇവർ മാത്രം ഭക്ഷണം കഴിക്കുന്നു?”
അയാൾ സൂക്ഷിച്ചു നോക്കി. അപ്പോഴാണ് ആ കാഴ്ച കണ്ടത്.
സ്വർഗ്ഗത്തിലുള്ളവർ, തങ്ങളുടെ കയ്യിലുള്ള നീളമുള്ള വടികൾ കൊണ്ട് ഭക്ഷണം കോരിയെടുക്കുന്നു. പക്ഷെ അത് സ്വന്തം വായിലേക്ക് വെക്കാൻ ശ്രമിക്കുന്നില്ല. പകരം, പാത്രത്തിന് എതിർവശത്തിരിക്കുന്ന ആളുടെ വായിലേക്ക് അവർ ആ ഭക്ഷണം വെച്ചു കൊടുക്കുന്നു!
അതുപോലെ, എതിർവശത്തിരിക്കുന്ന ആൾ ഭക്ഷണം കോരി ഇവരുടെ വായിലേക്കും വെച്ചു കൊടുക്കുന്നു. സ്വന്തം കാര്യം മാത്രം നോക്കാതെ, പരസ്പരം സഹായിക്കാൻ മനസ്സുള്ളതുകൊണ്ട് അവർക്ക് ആ നീളമുള്ള വടികൾ ഒരു തടസ്സമേ ആയിരുന്നില്ല.
സന്യാസി അയാളെ നോക്കി പറഞ്ഞു: “കണ്ടില്ലേ? സ്വർഗ്ഗത്തിലും നരകത്തിലും സാഹചര്യങ്ങൾ ഒന്നുതന്നെയാണ്. പക്ഷെ സ്വന്തം വിശപ്പിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് അത് നരകവും, മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ചും ചിന്തിക്കുന്നവർക്ക് അത് സ്വർഗ്ഗവുമാകുന്നു.”
ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.



