ചൈനയിലെ പ്രശസ്തനായ ഒരു സെൻ ഗുരുവായിരുന്നു ഹ്യാകുജോ. അദ്ദേഹത്തിന്റെ ആശ്രമത്തിൽ വലിയൊരു നിയമം ഉണ്ടായിരുന്നു: “ജോലി ചെയ്യാത്തവൻ ഭക്ഷണം കഴിക്കാൻ പാടില്ല.”
ആശ്രമത്തിലെ ഗുരു മുതൽ ശിഷ്യന്മാർ വരെ എല്ലാവരും രാവിലെ മുതൽ വൈകുന്നേരം വരെ തോട്ടത്തിൽ പണിയെടുക്കണം. നിലം ഉഴുക, വിത്ത് വിതയ്ക്കുക, ചെടികൾ നനയ്ക്കുക, വിളവെടുക്കുക—ഇതെല്ലാം കഴിഞ്ഞേ ഭക്ഷണം ഉണ്ടാകൂ.
വർഷങ്ങൾ കഴിഞ്ഞു. ഹ്യാകുജോ ഗുരുവിന് എൺപത് വയസ്സ് കഴിഞ്ഞു. പ്രായം അദ്ദേഹത്തിന്റെ ശരീരത്തെ തളർത്തിയിരുന്നു. നടക്കാൻ പോലും അദ്ദേഹം വല്ലാതെ കഷ്ടപ്പെട്ടിരുന്നു. എങ്കിലും, എല്ലാ ദിവസവും രാവിലെ അദ്ദേഹം തന്റെ മൺകോരിയും എടുത്ത് തോട്ടത്തിലേക്ക് ഇറങ്ങും. വെയിലത്ത് നിന്ന് വിയർത്തൊലിച്ച് അദ്ദേഹം മണ്ണ് കിളയ്ക്കും.
ഇതുകണ്ട് ശിഷ്യന്മാർക്ക് വലിയ വിഷമമായി. ഗുരുവിന് വയസ്സായി. ഇനിയെങ്കിലും അദ്ദേഹം വിശ്രമിക്കണം. പക്ഷെ പണി എടുക്കരുത് എന്ന് പറഞ്ഞാൽ ഗുരു കേൾക്കില്ല. അദ്ദേഹത്തിന് പണി എടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കാൻ ശിഷ്യന്മാർ തീരുമാനിച്ചു.
ഒരു ദിവസം രാത്രി, ഗുരു ഉറങ്ങിയ സമയം നോക്കി ശിഷ്യന്മാർ അദ്ദേഹത്തിന്റെ പണി ആയുധങ്ങളെല്ലാം എടുത്തു ഒളിപ്പിച്ചു വെച്ചു. മൺകോരിയും വാക്കത്തിയും എല്ലാം അവർ മാറ്റിവെച്ചു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഗുരു പണി ആയുധങ്ങൾ തിരഞ്ഞു. ഒന്നും കണ്ടില്ല. ശിഷ്യന്മാർ ഒളിപ്പിച്ചു വെച്ചതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം ഒന്നും മിണ്ടിയില്ല. ആരോടും വഴക്കിടാനും പോയില്ല. അദ്ദേഹം ശാന്തനായി തന്റെ മുറിയിൽ പോയി വാതിലടച്ചു ഇരുന്നു.
ശിഷ്യന്മാർക്ക് സന്തോഷമായി. ഗുരുവിന് പണിക്ക് പോകാൻ പറ്റില്ലല്ലോ, അതുകൊണ്ട് അദ്ദേഹം ഇനി വിശ്രമിക്കുമെന്ന് അവർ കരുതി.
ഉച്ചയായി. എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. പക്ഷെ ഗുരു വന്നില്ല. ശിഷ്യന്മാർ ചെന്ന് വിളിച്ചു. അദ്ദേഹം വാതിൽ തുറന്നില്ല.
രാത്രിയായി. അപ്പോഴും ഗുരു ഭക്ഷണം കഴിക്കാൻ വന്നില്ല.
പിറ്റേന്നും ഇത് തുടർന്നു. ഗുരു മുറിയിൽ നിന്ന് പുറത്തിറങ്ങുന്നില്ല, വെള്ളം പോലും കുടിക്കുന്നില്ല. ശിഷ്യന്മാർ ഭയന്നുപോയി. ഈ പ്രായത്തിൽ ഭക്ഷണം കഴിക്കാതിരുന്നാൽ അദ്ദേഹം മരിച്ചുപോകും. അവർ കരഞ്ഞുകൊണ്ട് ഗുരുവിന്റെ വാതിലിന് പുറത്തുനിന്ന് മാപ്പ് അപേക്ഷിച്ചു.
“ഗുരോ, അങ്ങ് വിശ്രമിക്കാൻ വേണ്ടിയാണ് ഞങ്ങൾ ആയുധങ്ങൾ മാറ്റിവെച്ചത്. ദയവായി പുറത്തിറങ്ങി ഭക്ഷണം കഴിക്കൂ.”
അകത്തുനിന്ന് ക്ഷീണിച്ച സ്വരത്തിൽ ഗുരു പറഞ്ഞു: “ജോലിയില്ലെങ്കിൽ ഭക്ഷണമില്ല. നിങ്ങൾ എനിക്ക് ജോലി ചെയ്യാനുള്ള അവസരം നിഷേധിച്ചു, അതുകൊണ്ട് ഞാൻ എനിക്ക് ഭക്ഷണം കഴിക്കാനുള്ള അവകാശവും വേണ്ടെന്നു വെച്ചു.”
ശിഷ്യന്മാർക്ക് തങ്ങളുടെ തെറ്റ് മനസ്സിലായി. അവർ വേഗം ആയുധങ്ങളെല്ലാം എടുത്ത് മുറ്റത്ത് വെച്ചു.
അത് കണ്ടപ്പോഴാണ് ഗുരു വാതിൽ തുറന്നു പുറത്തു വന്നത്. അദ്ദേഹം നേരെ പോയി തന്റെ മൺകോരി കയ്യിലെടുത്തു. തോട്ടത്തിൽ പോയി കുറച്ചു നേരം മണ്ണ് കിളച്ചു. അതിനുശേഷം മാത്രം, സംതൃപ്തിയോടെ വന്ന് അദ്ദേഹം ഭക്ഷണം കഴിച്ചു.
അധ്വാനമാണ് പ്രാർത്ഥന എന്നും, സ്വന്തം വിയർപ്പുകൊണ്ട് നേടുന്ന ഭക്ഷണത്തിനേ രുചിയുള്ളൂ എന്നും ഹ്യാകുജോ തന്റെ ജീവിതം കൊണ്ട് തെളിയിച്ചു.
ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.



