ജപ്പാനിലെ പ്രശസ്തനായ ഒരു സൈന്യാധിപനായിരുന്നു നൊബുനാഗ. ഒരിക്കൽ അദ്ദേഹം വലിയൊരു യുദ്ധത്തിന് പുറപ്പെടുകയായിരുന്നു. എതിരാളികളുടെ സൈന്യം നൊബുനാഗയുടെ സൈന്യത്തേക്കാൾ പത്തിരട്ടി വലുതായിരുന്നു. തോൽവി ഉറപ്പാണ് എന്ന് സൈനികർക്കിടയിൽ സംസാരമുണ്ടായി. എല്ലാവരും ഭയന്നുവിറച്ചാണ് യുദ്ധക്കളത്തിലേക്ക് നീങ്ങിയത്. അവരുടെ ആത്മവിശ്വാസം തീരെ നഷ്ടപ്പെട്ടിരുന്നു.
യാത്രയ്ക്കിടയിൽ നൊബുനാഗ ഒരു ചെറിയ ക്ഷേത്രത്തിന് മുന്നിൽ കുതിരയെ നിർത്തി. അദ്ദേഹം സൈനികരോട് പറഞ്ഞു:
“ഞാൻ ഈ ക്ഷേത്രത്തിൽ കയറി പ്രാർത്ഥിക്കാൻ പോവുകയാണ്. പ്രാർത്ഥന കഴിഞ്ഞ് ഞാൻ ഒരു നാണയം മുകളിലേക്ക് എറിയും. നാണയത്തിന്റെ തലയാണ് വീഴുന്നതെങ്കിൽ നമ്മൾ ജയിക്കും. മറിച്ച്, പുലിയാണ് വീഴുന്നതെങ്കിൽ നമ്മൾ തോൽക്കും. എല്ലാം വിധിയുടെ കൈകളിലാണ്.”
ഇതും പറഞ്ഞ് അദ്ദേഹം ക്ഷേത്രത്തിലേക്ക് കയറി. സൈനികർ പുറത്ത് ശ്വാസമടക്കിപ്പിടിച്ച് കാത്തുനിന്നു. അവരുടെ വിധി ആ നാണയത്തെ ആശ്രയിച്ചിരിക്കുന്നു.
കുറച്ചുനേരം കഴിഞ്ഞ് നൊബുനാഗ പുറത്തിറങ്ങി. എല്ലാവരും നോക്കിനിൽക്കെ അദ്ദേഹം തന്റെ കയ്യിലിരുന്ന നാണയം ആകാശത്തേക്ക് വലിച്ചെറിഞ്ഞു.
നാണയം കറങ്ങി താഴെ വീണു.
അത് ‘തല’ ആയിരുന്നു!
ഇതുകണ്ട സൈനികർ ആവേശത്തോടെ ആർത്തുവിളിച്ചു. ദൈവങ്ങൾ തങ്ങളുടെ കൂടെയുണ്ടെന്ന് അവർ വിശ്വസിച്ചു. മടങ്ങിപ്പോയ അവരുടെ ധൈര്യം പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവന്നു. അവർ കൊടുങ്കാറ്റുപോലെ യുദ്ധക്കളത്തിലേക്ക് പാഞ്ഞു. എണ്ണത്തിൽ കുറവായിരുന്നിട്ടും, ആത്മവിശ്വാസത്തിന്റെ ബലത്തിൽ അവർ എതിരാളികളെ തകർത്തെറിഞ്ഞ് ഉജ്ജ്വലമായ വിജയം നേടി.
യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ നൊബുനാഗയുടെ സഹായി പറഞ്ഞു: “പ്രഭോ, ദൈവങ്ങളുടെ തീരുമാനം എത്ര കൃത്യമാണ്! വിധിയെ മാറ്റാൻ ആർക്കും കഴിയില്ലെന്ന് ഇന്ന് തെളിഞ്ഞു.”
അപ്പോൾ നൊബുനാഗ ചിരിച്ചുകൊണ്ട് തന്റെ കീശയിൽ നിന്നും ആ നാണയം പുറത്തെടുത്തു. എന്നിട്ട് അത് സഹായിയുടെ കയ്യിൽ കൊടുത്തു.
“നോക്കൂ, ഇതിന് രണ്ട് വശത്തും തല തന്നെയാണ്!”
ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.



