സൂയിഗാൻ എന്നൊരു പഴയ സെൻ ഗുരു ഉണ്ടായിരുന്നു. അദ്ദേഹം ആൾക്കൂട്ടത്തിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി, ഒരു വലിയ പാറക്കൂട്ടത്തിന് മുകളിലുള്ള ചെറിയ കുടിലിലായിരുന്നു താമസിച്ചിരുന്നത്.
എല്ലാ ദിവസവും രാവിലെ അദ്ദേഹം എഴുന്നേറ്റ് കുടിലിന് പുറത്തുള്ള വലിയൊരു കല്ലിൽ ചമ്രം പടിഞ്ഞിരിക്കും. ചുറ്റും കോടമഞ്ഞ് നിറഞ്ഞുനിൽക്കുന്ന പ്രഭാതങ്ങളിൽ, ആ നിശബ്ദതയിൽ അദ്ദേഹം സ്വന്തം പേര് ഉറക്കെ വിളിച്ചു പറയുമായിരുന്നു.
“യജമാനനേ!”
എന്നിട്ട് അദ്ദേഹം തന്നെ അതിന് മറുപടിയും പറയും:
“എന്താ, ഞാൻ ഇവിടെയുണ്ട്!”
വീണ്ടും അദ്ദേഹം തന്നോട് തന്നെ ചോദിക്കും:
“നീ ഉണർന്നിരിക്കുകയാണല്ലോ അല്ലേ?”
അദ്ദേഹം തന്നെ മറുപടി പറയും:
“അതെ, ഞാൻ നല്ല ഉണർവിലാണ്.”
അവസാനം അദ്ദേഹം തനിക്ക് തന്നെ ഒരു മുന്നറിയിപ്പ് നൽകും:
“ഇനിയുള്ള സമയം ആരും നിന്നെ പറ്റിക്കാൻ സമ്മതിക്കരുത്. നീ വഞ്ചിതനാകരുത്.”
അപ്പോൾ ഉറച്ച ശബ്ദത്തിൽ അദ്ദേഹം തന്നെ പറയും:
“ഇല്ലില്ല, ഒരിക്കലുമില്ല!”
വർഷങ്ങളോളം, മരിക്കുന്നതുവരെ ഓരോ ദിവസവും രാവിലെ സൂയിഗാൻ ഗുരു തന്നെത്തന്നെ വിളിച്ച് ഉണർത്തിക്കൊണ്ടേയിരുന്നു.
ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.



