ചൈനയിലെ പ്രശസ്തനായ ഒരു സെൻ ഗുരുവായിരുന്നു ബസോ. അദ്ദേഹം യുവാവായിരുന്നപ്പോൾ വളരെ ഗൗരവത്തോടെയാണ് കാര്യങ്ങളെ കണ്ടിരുന്നത്. എപ്പോഴും ധ്യാനിച്ചിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. രാവിലെ മുതൽ രാത്രി വരെ അദ്ദേഹം അനങ്ങാതെ ഒരേ ഇരുപ്പ് ഇരിക്കും.

ആ ആശ്രമത്തിലെ പ്രധാന ഗുരുവായ നാൻഗാക്കു ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബസോയുടെ ഈ കഠിനപ്രയത്നം കണ്ടിട്ടും ഗുരുവിന് വലിയ മതിപ്പൊന്നും തോന്നിയില്ല.

ഒരു ദിവസം ബസോ കണ്ണുമടച്ച് ധ്യാനിച്ചിരിക്കുമ്പോൾ ഗുരു അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.

“എടാ, നീ എന്തിനാണ് ഇങ്ങനെ രാവും പകലും ധ്യാനിച്ചിരിക്കുന്നത്?” ഗുരു ചോദിച്ചു.

കണ്ണുതുറക്കാതെ ബസോ മറുപടി പറഞ്ഞു: “എനിക്ക് ബുദ്ധനായി മാറണം. അതിനുവേണ്ടിയാണ് ഞാൻ ധ്യാനിക്കുന്നത്.”

ഇതുകേട്ട ഗുരു ഒന്നും മിണ്ടിയില്ല. അദ്ദേഹം മുറ്റത്തുനിന്നും ഒരു പഴയ ഓടിന്റെ കഷ്ണം എടുത്തു. എന്നിട്ട് ബസോ ഇരിക്കുന്നതിന് തൊട്ടടുത്തുള്ള ഒരു പാറയിൽ വെച്ച് ആ ഓട് ശക്തിയായി ഉരയ്ക്കാൻ തുടങ്ങി.

“ക്യറ… ക്യറ… ക്യറ…”

ഓട് പാറയിൽ ഉരയുന്ന ശബ്ദം കേട്ട് ബസോയ്ക്ക് അസ്വസ്ഥതയായി. ധ്യാനത്തിന് തടസ്സം വന്നപ്പോൾ അദ്ദേഹം കണ്ണുതുറന്നു. ഗുരു വിയർത്തൊലിച്ച് ഓട് പാറയിൽ ഉരയ്ക്കുകയാണ്.

ബസോ ചോദിച്ചു: “ഗുരോ, അങ്ങ് എന്തിനാണ് ഈ ഓട് ഇങ്ങനെ പാറയിൽ ഉരയ്ക്കുന്നത്?”

ഗുരു കിതച്ചുകൊണ്ട് പറഞ്ഞു: “ഞാൻ ഇതിനെ ഉരച്ച് മിനുസപ്പെടുത്തി ഒരു കണ്ണാടിയാക്കാൻ പോവുകയാണ്.”

ബസോയ്ക്ക് ചിരി വന്നു. അദ്ദേഹം ചോദിച്ചു: “അങ്ങ് എന്താണ് ഈ പറയുന്നത്? ഓട് എത്ര ഉരച്ചാലും അത് കണ്ണാടിയാകുമോ? അത് വെറും ഓടല്ലേ?”

അപ്പോൾ ഗുരു കയ്യിലിരുന്ന ഓട് താഴെയിട്ടു. എന്നിട്ട് ബസോയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു:

“ഓട് ഉരച്ചാൽ കണ്ണാടിയാകില്ല എന്ന് നിനക്ക് അറിയാം. പിന്നെ വെറുതെ ഇരുന്നു ധ്യാനിച്ചാൽ നീ എങ്ങനെയാണ് ബുദ്ധനാവുക?”

ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending