കെനിൻ എന്ന പന്ത്രണ്ട് വയസ്സുകാരനായ ഒരു ബാലൻ ഒരു സെൻ ആശ്രമത്തിൽ താമസിക്കുന്നുണ്ടായിരുന്നു. ആശ്രമത്തിലെ ഗുരുവായ മൊകുറായിയുടെ ശിഷ്യനായിരുന്നു അവൻ. മുതിർന്ന സന്യാസിമാർ ഗുരുവിന്റെ അടുത്ത് പോയി ധ്യാനത്തിനുള്ള വിഷയങ്ങൾ സ്വീകരിക്കുന്നതും, അത് പഠിച്ച് ഉത്തരം പറയുന്നതും അവൻ എന്നും കാണാറുണ്ടായിരുന്നു.

അവനും വലിയ ആഗ്രഹമായി. ഒരു ദിവസം അവൻ ഗുരുവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ഗുരോ, എനിക്ക് കുറെ വയസ്സായില്ലേ? ഞാനും ഗൗരവമായി പഠിക്കാൻ ആഗ്രഹിക്കുന്നു. എനിക്കും ധ്യാനിക്കാൻ ഒരു വിഷയം തന്നാലും.”

ഗുരു മൊകുറായി ചിരിച്ചുകൊണ്ട് പറഞ്ഞു: “നീ തീരെ ചെറിയ കുട്ടിയാണ്. ധ്യാനം എന്നത് കഠിനമായ പണിയാണ്. നിനക്ക് അതിനുള്ള പക്വതയായിട്ടില്ല.”

പക്ഷെ കെനിൻ വിട്ടില്ല. അവൻ നിർബന്ധം പിടിച്ചു. ഒടുവിൽ ഗുരു സമ്മതിച്ചു.

ഗുരു അവനെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു: “ശരി, നിനക്ക് ഞാൻ ഒരു വിഷയം തരാം. ശ്രദ്ധിച്ചു കേൾക്കൂ. രണ്ട് കൈകൾ തമ്മിൽ കൂട്ടിയിടിച്ചാൽ ശബ്ദമുണ്ടാകും. അത് കൈയ്യടിയുടെ ശബ്ദമാണ്. എങ്കിൽ, ഒരു കൈയ്യുടെ ശബ്ദം എന്താണെന്ന് നീ എനിക്ക് കണ്ടെത്തിത്തരണം.”

കെനിൻ സന്തോഷത്തോടെ മടങ്ങി. അവൻ തന്റെ മുറിയിൽ പോയി ആലോചന തുടങ്ങി. എന്തായിരിക്കും ഒരു കൈയ്യുടെ ശബ്ദം?

പെട്ടെന്ന് ജനലിലൂടെ ഒരു പാട്ട് കേട്ടു. ദൂരെ ഏതോ ഗെയ്ഷകൾ സംഗീതോപകരണങ്ങൾ വായിക്കുന്ന ശബ്ദമാണത്. “ആഹാ! ഇതാണ് ആ ശബ്ദം.”

പിറ്റേന്ന് രാവിലെ അവൻ ഗുരുവിന്റെ അടുത്ത് ചെന്നു. അവൻ ആ സംഗീതത്തിന്റെ ശബ്ദം വായ കൊണ്ട് ഉണ്ടാക്കിക്കാണിച്ചു.

ഗുരു പറഞ്ഞു: “അല്ല. ഇത് സംഗീതമല്ലേ? അത് ഒരു കൈയ്യുടെ ശബ്ദമല്ല. പോയി വേറെ കണ്ടുപിടിക്കൂ.”

കെനിൻ മടങ്ങിപ്പോയി. അവൻ വീണ്ടും കാത്തിരുന്നു. അപ്പോൾ മുറ്റത്ത് വെള്ളം ഇറ്റുവീഴുന്ന ശബ്ദം കേട്ടു. “ടിപ്… ടിപ്…” അവൻ വിചാരിച്ചു ഇതാണ് ഉത്തരമെന്ന്. പിറ്റേന്ന് ഗുരുവിന്റെ അടുത്ത് ചെന്ന് അവൻ ആ ശബ്ദം അനുകരിച്ചു.

“അല്ല. അത് വെള്ളത്തിന്റെ ശബ്ദമാണ്. ഒരു കൈയ്യുടെ ശബ്ദമല്ല.” ഗുരു പറഞ്ഞു.

പിന്നീട് അവൻ കാറ്റ് വീശുന്ന ശബ്ദം കേൾപ്പിച്ചു. ചീവീടുകൾ കരയുന്ന ശബ്ദം കേൾപ്പിച്ചു. ഓരോ തവണ ചെല്ലുമ്പോഴും ഗുരു “അല്ല, അല്ല” എന്ന് പറഞ്ഞു മടക്കി അയച്ചു.

ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി. കെനിൻ ആകെ ക്ഷീണിച്ചു. കേൾക്കാവുന്ന എല്ലാ ശബ്ദങ്ങളും അവൻ ഗുരുവിനെ കേൾപ്പിച്ചു കഴിഞ്ഞു. ഇനി കേൾപ്പിക്കാൻ ഒന്നുമില്ല.

അവൻ നിരാശനായി കാട്ടിലേക്ക് പോയി. അവിടെ ഒരു മരച്ചുവട്ടിൽ കണ്ണടച്ചിരുന്നു. പുറത്തെ ശബ്ദങ്ങളൊന്നും അവൻ ശ്രദ്ധിച്ചില്ല. കാറ്റില്ല, പാട്ടില്ല, വെള്ളമില്ല. മനസ്സ് പൂർണ്ണമായും ശാന്തമായി.

ആ നിശബ്ദതയിൽ, പുറത്തുനിന്നുള്ള ശബ്ദങ്ങൾക്കപ്പുറം, ഉള്ളിൽ നിന്ന് വരുന്ന ഒരു ‘ശബ്ദം’ അവൻ അറിഞ്ഞു. ശബ്ദമില്ലാത്ത ശബ്ദം. അവൻ ഗുരുവിന്റെ അടുത്തേക്ക് മടങ്ങി. ഇത്തവണ അവൻ ഒന്നും മിണ്ടിയില്ല. ശബ്ദങ്ങളൊന്നും ഉണ്ടാക്കിയില്ല. അവൻ ഗുരുവിന്റെ മുന്നിൽ ശാന്തനായി, ഒരു വിഗ്രഹം പോലെ നിന്നു. അവന്റെ മുഖത്ത് അതുവരെ ഇല്ലാത്ത ഒരു തെളിച്ചമുണ്ടായിരുന്നു.

അതുകണ്ട് ഗുരു മൊകുറായി പുഞ്ചിരിച്ചു. അദ്ദേഹം പറഞ്ഞു: “മിടുക്കാ! നീ അവസാനം അത് കണ്ടെത്തിയിരിക്കുന്നു. നിശബ്ദതയാണ് ഒരു കൈയ്യുടെ ശബ്ദം.”

ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending