ജപ്പാനിൽ തെത്സുഗെൻ എന്നൊരു സെൻ സന്യാസി ഉണ്ടായിരുന്നു. അദ്ദേഹത്തിന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. ചൈനയിൽ ലഭ്യമായിരുന്ന ഏഴായിരത്തോളം വരുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ ജാപ്പനീസ് ഭാഷയിലേക്ക് അച്ചടിക്കണം. അന്ന് അച്ചടി വിദ്യ അത്ര എളുപ്പമല്ല. മരപ്പലകകളിൽ അക്ഷരങ്ങൾ കൊത്തിയുണ്ടാക്കി വേണം അച്ചടിക്കാൻ. അതിന് വൻതുക ചെലവ് വരും.

ഈ വലിയ ലക്ഷ്യത്തിനായി തെത്സുഗെൻ യാത്ര തുടങ്ങി. അദ്ദേഹം നഗരങ്ങളിലും ഗ്രാമങ്ങളിലും നടന്നു. പൊരിവെയിലത്തും മഴയത്തും അദ്ദേഹം സഞ്ചരിച്ചു. വലിയ പണക്കാരോട് മാത്രമല്ല, പാവപ്പെട്ട കർഷകരോടും തൊഴിലാളികളോടും അദ്ദേഹം സംഭാവന ചോദിച്ചു. ചിലർ അദ്ദേഹത്തെ കളിയാക്കി, ചിലർ ആട്ടിയോടിച്ചു. എങ്കിലും അദ്ദേഹം തളർന്നില്ല. കിട്ടുന്ന ഓരോ നാണയവും അദ്ദേഹം സൂക്ഷിച്ചുവെച്ചു.

പത്തു വർഷത്തെ കഠിനപ്രയത്നത്തിന് ശേഷം, പുസ്തകങ്ങൾ അച്ചടിക്കാൻ ആവശ്യമായ പണം അദ്ദേഹം സ്വരുക്കൂട്ടി. ഇനി അച്ചടി തുടങ്ങാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്, ഉജി എന്ന നദിയിൽ വലിയൊരു വെള്ളപ്പൊക്കം ഉണ്ടായത്. നാട് മുഴുവൻ വെള്ളത്തിനടിയിലായി. കൃഷികൾ നശിച്ചു. ആളുകൾ പട്ടിണിയിലായി.

തെത്സുഗെൻ രണ്ടാമതൊന്നു ആലോചിച്ചില്ല. താൻ പത്തു വർഷം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം മുഴുവൻ അദ്ദേഹം പട്ടിണി കിടക്കുന്ന ഗ്രാമവാസികൾക്ക് ഭക്ഷണം വാങ്ങാനും വീട് വെക്കാനും നൽകി.

വീണ്ടും അദ്ദേഹം ശൂന്യമായ കൈകളോടെ യാത്ര തുടങ്ങി. പഴയതുപോലെ വീടുകൾ തോറും കയറിയിറങ്ങി. വർഷങ്ങൾ കടന്നുപോയി. വീണ്ടും അദ്ദേഹം ആവശ്യത്തിന് പണം കണ്ടെത്തി. എന്നാൽ ഇത്തവണ രാജ്യത്ത് വലിയൊരു പകർച്ചവ്യാധി പടർന്നുപിടിച്ചു. മരുന്നിനും ഭക്ഷണത്തിനും വഴിയില്ലാതെ ആയിരക്കണക്കിന് ആളുകൾ വഴിയിൽ മരിച്ചു വീഴാൻ തുടങ്ങി.

തെത്സുഗെൻ ഇത്തവണയും മടിച്ചില്ല. തന്റെ സ്വപ്നമായ പുസ്തകങ്ങളേക്കാൾ വലുത് മനുഷ്യന്റെ ജീവനാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ പണം മുഴുവൻ അദ്ദേഹം രോഗികളെ ശുശ്രൂഷിക്കാൻ വിട്ടുകൊടുത്തു.

വീണ്ടും അദ്ദേഹം യാത്ര തുടർന്നു. പ്രായം അദ്ദേഹത്തെ തളർത്തിത്തുടങ്ങിയിരുന്നു. എങ്കിലും ഇരുപത് വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ അദ്ദേഹം മൂന്നാമതും പണം കണ്ടെത്തി. അങ്ങനെ അവസാനം, ആ ഗ്രന്ഥങ്ങൾ മരപ്പലകകളിൽ അച്ചടിച്ച് പുറത്തിറങ്ങി.

ഇന്നും ക്യോട്ടോയിലെ മ്യൂസിയത്തിൽ ആ മരപ്പലകകൾ സൂക്ഷിച്ചിട്ടുണ്ട്. അത് കാണാൻ വരുന്നവരോട് അവിടെയുള്ളവർ പറയും:

“തെത്സുഗെൻ യഥാർത്ഥത്തിൽ മൂന്ന് പതിപ്പുകളിലായാണ് ആ പുസ്തകങ്ങൾ ഇറക്കിയത്. ആദ്യത്തെ രണ്ട് പതിപ്പുകൾ നിങ്ങൾക്ക് കാണാൻ കഴിയില്ല. അവ അച്ചടിച്ചിരിക്കുന്നത് കടലാസിലല്ല, മറിച്ച് പട്ടിണി മാറ്റിയ മനുഷ്യരുടെ വയറ്റിലും, രോഗം മാറിയവരുടെ ശരീരത്തിലുമാണ്. അവയാണ് ഈ മ്യൂസിയത്തിൽ ഇരിക്കുന്ന മരപ്പലകകളേക്കാൾ വിശുദ്ധമായ പുസ്തകങ്ങൾ.”

ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending