ഒരിടത്ത് വലിയൊരു പണക്കാരൻ താമസിച്ചിരുന്നു. വലിയ കച്ചവടക്കാരനായിരുന്ന അയാളുടെ വീട്ടിൽ പണത്തിനും പ്രതാപത്തിനും ഒരു കുറവുമുണ്ടായിരുന്നില്ല. അയാളുടെ അറുപതാം പിറന്നാൾ വലിയ ആഘോഷമായി നടത്താൻ വീട്ടുകാർ തീരുമാനിച്ചു.
ആഘോഷത്തിന്റെ ഭാഗമായി, ആ നാട്ടിലെ ഏറ്റവും പ്രശസ്തനായ സെൻ ഗുരുവിനെ വീട്ടിലേക്ക് ക്ഷണിച്ചു. ഗുരുവിന്റെ കൈകൊണ്ട് എന്തെങ്കിലും നല്ല വചനങ്ങൾ എഴുതിവാങ്ങിയാൽ അത് കുടുംബത്തിന് ഐശ്വര്യം നൽകുമെന്ന് ആ പണക്കാരൻ വിശ്വസിച്ചിരുന്നു.
ഗുരു സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു. പിറന്നാൾ ദിവസം വിഭവസമൃദ്ധമായ സദ്യയൊക്കെ കഴിഞ്ഞ്, ഗുരു എഴുതാനിരുന്നു. പണക്കാരൻ വളരെ ഭവ്യതയോടെ ഒരു വെളുത്ത പട്ടുതുണിയും വിലകൂടിയ മഷിയും ഗുരുവിന്റെ മുന്നിൽ വെച്ചു.
“ഗുരോ, എന്റെ കുടുംബത്തിന് എന്നും ഐശ്വര്യം ഉണ്ടാകാൻ, നല്ലൊരു വാചകം ഇതിൽ എഴുതിത്തന്നാലും. ഞാനിത് ചില്ലിട്ട് ചുവരിൽ തൂക്കാം.” പണക്കാരൻ പറഞ്ഞു.
ഗുരു മഷിയിൽ ബ്രഷ് മുക്കി. എല്ലാവരും ആകാംക്ഷയോടെ നോക്കിനിന്നു. ഗുരു ആ തുണിയിൽ വലിയ അക്ഷരത്തിൽ താഴെ പറയുന്ന മൂന്ന് വരികൾ എഴുതി:
“അപ്പൂപ്പൻ മരിക്കുന്നു, അച്ഛൻ മരിക്കുന്നു, മകൻ മരിക്കുന്നു.”
ഇതുകണ്ട പണക്കാരൻ ഞെട്ടിപ്പോയി. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. പിറന്നാൾ ആഘോഷിക്കാൻ വന്ന ബന്ധുക്കളും സുഹൃത്തുക്കളും അമ്പരന്നു. ശുഭകരമായ എന്തെങ്കിലും എഴുതുമെന്ന് കരുതിയപ്പോൾ, ഗുരു ഇതാ മരണത്തെക്കുറിച്ച് എഴുതിയിരിക്കുന്നു!
പണക്കാരൻ ഒച്ചയെടുത്തു: “എന്താണ് അങ്ങ് ഈ കാണിച്ചത് ? എന്റെ പിറന്നാൾ ദിവസം തന്നെ എന്റെ കുടുംബം മുഴുവൻ മരിച്ചുപോകുമെന്ന് ശപിക്കുകയാണോ? ഇതാണോ അങ്ങ് തരുന്ന ഐശ്വര്യം? തമാശയ്ക്കും വേണ്ടേ ഒരതിരൊക്കെ?”
ഗുരു ശാന്തനായി ഇരുന്നു. പണക്കാരന്റെ ദേഷ്യം ഒന്നു തണുത്തപ്പോൾ ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“സുഹൃത്തേ, ഞാൻ നിങ്ങളെ ശപിച്ചതല്ല. മറിച്ച് ഏറ്റവും വലിയ അനുഗ്രഹമാണ് നൽകിയത്. ഒന്ന് ആലോചിച്ചു നോക്കൂ. ആദ്യം നിങ്ങളുടെ അപ്പൂപ്പൻ മരിക്കുന്നു. കുറെ കാലം കഴിഞ്ഞ്, വാർദ്ധക്യത്തിൽ നിങ്ങളുടെ അച്ഛൻ മരിക്കുന്നു. അതിനും കുറെ കാലം കഴിഞ്ഞ്, വയസ്സായിക്കഴിയുമ്പോൾ നിങ്ങളുടെ മകൻ മരിക്കുന്നു. ഈ ക്രമത്തിൽ മരണം സംഭവിച്ചാൽ, അതിനെയാണ് ‘കുടുംബത്തിന്റെ ഐശ്വര്യം’ എന്ന് പറയുന്നത്.”
ഗുരു തുടർന്നു: “മറിച്ച്, അപ്പൂപ്പൻ ജീവിച്ചിരിക്കുമ്പോൾ അച്ഛൻ മരിച്ചാലോ? അല്ലെങ്കിൽ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ മകൻ മരിച്ചാലോ? അത് ആ കുടുംബത്തിന് താങ്ങാനാവാത്ത വേദനയല്ലേ? തലമുറകൾ അവരവരുടെ കാലം പൂർത്തിയാക്കി, കൃത്യമായ ക്രമത്തിൽ മടങ്ങിപ്പോകുന്നതാണ് ഒരു കുടുംബത്തിന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം.”
ഗുരു പറഞ്ഞതിന്റെ അർത്ഥം പണക്കാരന് മനസ്സിലായി. മരണം ഒരു ദുരന്തമല്ല, മറിച്ച് പ്രകൃതിയുടെ സ്വാഭാവികമായ ഒരു താളമാണെന്നും, അത് തെറ്റാതെ നടക്കട്ടെയെന്നുമാണ് ഗുരു ആശംസിച്ചതെന്നും അയാൾ തിരിച്ചറിഞ്ഞു. അയാൾ ഗുരുവിന്റെ കാലിൽ വീണു മാപ്പു പറഞ്ഞു.
ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.



