ജപ്പാനിലെ ആഭ്യന്തരയുദ്ധം നടക്കുന്ന കാലം. ഗ്രാമങ്ങളും നഗരങ്ങളും ആക്രമിക്കപ്പെട്ടു. സൈനികർ കണ്ണിൽ കണ്ടവരെയെല്ലാം വകവരുത്തി മുന്നേറുകയായിരുന്നു. ആളുകൾ പ്രാണനും കൊണ്ട് പലവഴിക്ക് ഓടി രക്ഷപ്പെട്ടു.
ഒരു ഗ്രാമത്തിലെ വലിയൊരു സെൻ ക്ഷേത്രത്തിൽ നിറയെ സന്യാസിമാർ ഉണ്ടായിരുന്നു. സൈന്യം വരുന്നുണ്ടെന്നറിഞ്ഞ് അവരും പേടിച്ച് ആശ്രമം വിട്ട് ഓടിപ്പോയി. എന്നാൽ ആ ആശ്രമത്തിലെ പ്രധാന ഗുരു മാത്രം അവിടെത്തന്നെ തുടർന്നു. അദ്ദേഹം ഒട്ടും ഭയമില്ലാതെ, പ്രധാന ഹാളിൽ ധ്യാനിച്ചിരുന്നു.
സൈനികർ ക്ഷേത്രവാതിൽ തകർത്ത് അകത്തു കയറി. ആയുധങ്ങളുമായി അവർ ഹാളിലേക്ക് ഇരച്ചുകയറി. അവിടെ ശാന്തനായി ഇരിക്കുന്ന ഗുരുവിനെ കണ്ടപ്പോൾ സൈന്യാധിപന് ദേഷ്യം വന്നു. എല്ലാവരും തന്നെ കണ്ട് ഭയന്ന് ഓടുമ്പോൾ, ഇയാൾ മാത്രം കൂസലില്ലാതെ ഇരിക്കുന്നു!
സൈന്യാധിപൻ വാൾ ഊരി ഗുരുവിന്റെ കഴുത്തിന് നേരെ പിടിച്ചു. എന്നിട്ട് അലറിക്കൊണ്ട് പറഞ്ഞു: “എടാ വിഡ്ഢീ, നീ ആരുടെ മുന്നിലാണ് ഇരിക്കുന്നതെന്ന് നിനക്കറിയാമോ? കണ്ണ് ഒന്ന് ചിമ്മുന്ന സമയം കൊണ്ട്, നിന്റെ ഈ തല വെട്ടിമാറ്റാൻ മടിയില്ലാത്ത ഒരാളാണ് എന്റെ മുന്നിൽ നിൽക്കുന്നത്.”
ഗുരു സാവധാനം കണ്ണുതുറന്നു. എന്നിട്ട് സൈന്യാധിപന്റെ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു:
“അതെ, എനിക്കറിയാം. പക്ഷെ കണ്ണ് ഒന്ന് ചിമ്മുന്ന സമയം കൊണ്ട്, തല വെട്ടിമാറ്റപ്പെട്ടാലും യാതൊരു ഭാവവ്യത്യാസവും ഇല്ലാത്ത ഒരാളാണ് നിന്റെ മുന്നിൽ ഇരിക്കുന്നതെന്ന് നീ അറിയുന്നില്ല.”
മരണത്തെപ്പോലും ഇത്ര ശാന്തമായി നേരിടുന്ന ആ മനുഷ്യന്റെ വാക്കുകൾ കേട്ട് സൈന്യാധിപൻ സ്തംഭിച്ചുപോയി. അയാളുടെ കയ്യിലെ വാൾ താഴ്ന്നു. അയാൾ ഗുരുവിനെ ബഹുമാനത്തോടെ വണങ്ങിയിട്ട്, തന്റെ സൈന്യവുമായി അവിടെ നിന്നും മടങ്ങിപ്പോയി.
ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.



