പണ്ട് ചൈനയിൽ വളരെ തമാശക്കാരനായ ഒരു സെൻ സന്യാസി ഉണ്ടായിരുന്നു. ജീവിതത്തെ ഒരു കുട്ടിക്കളിയായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. ആളുകളെ ചിരിപ്പിക്കാനും അത്ഭുതപ്പെടുത്താനും അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു.

അദ്ദേഹത്തിന് വയസ്സായി. മരിക്കാനുള്ള സമയം അടുത്തു എന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടി ചോദിച്ചു:

“മക്കളേ, പണ്ടുള്ള ഗുരുക്കന്മാർ എങ്ങനെയൊക്കെയാണ് മരിച്ചിട്ടുള്ളത് എന്ന് എനിക്ക് പറഞ്ഞുതാ.”

ശിഷ്യന്മാർ പറഞ്ഞു: “ചിലർ ധ്യാനിച്ചുകൊണ്ട് ഇരുന്ന ഇരുപ്പിൽ മരിച്ചിട്ടുണ്ട്.”

സന്യാസി ചോദിച്ചു: “അതെനിക്ക് അറിയാം. വേറെ എങ്ങനെ?”

“ചിലർ കിടന്നുകൊണ്ട് മരിച്ചിട്ടുണ്ട്. ചിലർ നടന്നുകൊണ്ട് മരിച്ചിട്ടുണ്ട്.” ശിഷ്യന്മാർ പറഞ്ഞു.

സന്യാസി വീണ്ടും ചോദിച്ചു: “ശരി, ആരെങ്കിലും നിന്നുകൊണ്ട് മരിച്ചിട്ടുണ്ടോ?”

ശിഷ്യന്മാർ ആലോചിച്ചു. “ഉവ്വ് ഗുരോ, അപൂർവ്വം ചിലർ നിന്നുകൊണ്ട് മരിച്ചതായി കേട്ടിട്ടുണ്ട്.”

അപ്പോൾ സന്യാസി ചിരിച്ചുകൊണ്ട് ചോദിച്ചു: “എങ്കിൽ, ആരെങ്കിലും തലകീഴായി നിന്ന് മരിച്ചിട്ടുണ്ടോ?”

ശിഷ്യന്മാർ ഞെട്ടിപ്പോയി. “ഇല്ല ഗുരോ! തല കുത്തി നിന്ന് ആരും മരിച്ചതായി ചരിത്രത്തിലില്ല. അത് അസാധ്യമാണ്. വസ്ത്രങ്ങളൊക്കെ താഴേക്ക് വീഴില്ലേ? അതൊരു മോശം കാഴ്ചയായിരിക്കും.”

സന്യാസി പറഞ്ഞു: “എങ്കിൽ അതൊന്നു പരീക്ഷിച്ചു നോക്കാം.”

ഇതും പറഞ്ഞ് അദ്ദേഹം ശിഷ്യന്മാരുടെ മുന്നിൽ വെച്ച് തല കുത്തി നിന്നു. ശിഷ്യന്മാർ നോക്കിനിൽക്കെ അദ്ദേഹം ആ നിൽപിൽ തന്നെ മരിച്ചു!

പക്ഷെ അത്ഭുതം അതായിരുന്നില്ല. തലകീഴായി നിന്നിട്ടും അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ താഴേക്ക് വീണില്ല. അത് ശരീരത്തോട് ഒട്ടി, നേരെ തന്നെ നിന്നു. ഗുരുവിന്റെ ശരീരം ആ നിൽപിൽ തന്നെ ഉറച്ചുപോയി.

ശിഷ്യന്മാർക്ക് എന്ത് ചെയ്യണമെന്ന് അറിയാതായി. സാധാരണ മരിച്ചവരെ കിടത്തിയാണ് സംസ്കരിക്കുക. ഇതിപ്പോൾ തലകീഴായി നിൽക്കുന്ന ഒരാളെ എന്തുചെയ്യും? അവർ തള്ളിനോക്കി, പക്ഷെ ശരീരം അനങ്ങുന്നില്ല.

വിവരമറിഞ്ഞ് സന്യാസിയുടെ സഹോദരി അവിടെ ഓടിയെത്തി. അവരും ഒരു സന്യാസിനിയായിരുന്നു. കണ്ട കാഴ്ച അവരെ ദേഷ്യം പിടിപ്പിച്ചു. അവർ ഗുരുവിന്റെ മൃതദേഹത്തിനടുത്ത് ചെന്ന് ചെവിക്കുറ്റിക്ക് പിടിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു:

“എടാ കുരുത്തം കെട്ടവനേ! ജീവിച്ചിരുന്നപ്പോൾ നീ ആൾക്കാരെ വട്ടം കറക്കി. ഇപ്പോൾ മരിച്ചുകഴിഞ്ഞിട്ടും നിന്റെ കുസൃതിക്ക് ഒരു കുറവുമില്ലേ? മര്യാദയ്ക്ക് താഴെ കിടക്കെടാ!”

അത്ഭുതം എന്ന് പറയട്ടെ, സഹോദരിയുടെ ശകാരം കേട്ടതും ആ ശരീരം ഒരു വലിയ മരം വീഴുന്നതുപോലെ “ദും” എന്ന ശബ്ദത്തോടെ താഴേക്ക് വീണു.

ജീവിതവും മരണവും ഗൗരവമായി കാണേണ്ട ഒന്നല്ലെന്നും, പോകുന്ന നിമിഷം വരെ സന്തോഷത്തോടെ ഇരിക്കാമെന്നും അദ്ദേഹം തന്റെ അവസാനത്തെ കുസൃതിയിലൂടെ കാണിച്ചുകൊടുത്തു.

ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending