ഒരിക്കൽ നാല് സുഹൃത്തുക്കൾ ഒരുമിച്ച് ധ്യാനിക്കാൻ തീരുമാനിച്ചു. സാധാരണ ധ്യാനമല്ല, ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ “മൗനവ്രതം” ആണ് അവർ തീരുമാനിച്ചത്. ഈ ഏഴ് ദിവസവും ആരും ഒരക്ഷരം പോലും മിണ്ടാൻ പാടില്ല. മനസ്സ് പൂർണ്ണമായും നിശബ്ദമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ആദ്യത്തെ ദിവസം വളരെ ഭംഗിയായി കടന്നുപോയി. നാലുപേരും വരിവരിയായി ഇരുന്ന് ധ്യാനിച്ചു. ആശ്രമത്തിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.
രാത്രിയായി. പുറത്ത് നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. അവർ ഇരുന്നിരുന്ന മുറിയിലെ വെളിച്ചം കുറഞ്ഞുതുടങ്ങി. അവിടെ കത്തിച്ചുവെച്ചിരുന്ന വലിയ എണ്ണവിളക്കിലെ തിരി താഴ്ന്നുപോയിരുന്നു. വെളിച്ചം കുറഞ്ഞുവരുന്നത് കണ്ടപ്പോൾ കൂട്ടത്തിൽ ഒരാൾക്ക് അസ്വസ്ഥത തോന്നി.
അയാൾ പെട്ടെന്ന് സഹായിയെ നോക്കി വിളിച്ചു പറഞ്ഞു: “ഹേയ്, ആ വിളക്കിലെ തിരി ഒന്ന് നേരെ വെക്കൂ. വെളിച്ചം അണയാറായി.”
ഇതുകേട്ട രണ്ടാമത്തെ സുഹൃത്തിന് ദേഷ്യം വന്നു. അയാൾ കണ്ണുതുറന്ന് ആദ്യത്തെയാളോട് പറഞ്ഞു: “എടാ വിഡ്ഢി! നമ്മൾ മൗനവ്രതത്തിലാണെന്ന് നിനക്ക് ഓർമ്മയില്ലേ? എന്തിനാണ് നീ സംസാരിച്ചത് ?”
ഇവർ രണ്ടുപേരും സംസാരിക്കുന്നത് കേട്ടപ്പോൾ മൂന്നാമത്തെ സുഹൃത്തിന് സഹിക്കാൻ കഴിഞ്ഞില്ല. അയാൾ അവരെ ശാസിച്ചുകൊണ്ട് പറഞ്ഞു: “നിങ്ങൾ രണ്ടുപേരും എന്താണീ കാണിക്കുന്നത് ? മിണ്ടാതിരിക്കാൻ പറഞ്ഞിട്ട് ഇപ്പോൾ വർത്തമാനം പറയുകയാണോ?”
അതുവരെ കണ്ണടച്ചിരുന്ന നാലാമത്തെ സുഹൃത്ത് മെല്ലെ കണ്ണുതുറന്നു. എന്നിട്ട് വിജയിച്ച ഭാവത്തിൽ മറ്റുള്ളവരെ നോക്കി പറഞ്ഞു:
“ഹാവൂ! ഞാൻ മാത്രമേയുള്ളൂ സംസാരിക്കാത്ത ഏക ആൾ!”
അങ്ങനെ, വെളിച്ചം അണയുന്നതിന് മുൻപേ അവരുടെ മൗനവ്രതം അണഞ്ഞുപോയി. മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ തിടുക്കം കാണിക്കുമ്പോൾ, സ്വന്തം തെറ്റുകൾ നമ്മൾ കാണാതെ പോകുന്നു.
ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.



