ഒരു ഗ്രാമത്തിൽ വളരെ ശാന്തനായ ഒരു സെൻ സന്യാസി ജീവിച്ചിരുന്നു. ആരെന്ത് പറഞ്ഞാലും അദ്ദേഹം ദേഷ്യപ്പെടില്ല. ആര് ഉപദ്രവിച്ചാലും അദ്ദേഹം തിരിച്ചു ഒന്നും ചെയ്യില്ല. അദ്ദേഹത്തിന്റെ ഈ സ്വഭാവം ആ നാട്ടിലെ ഒരു യുവാവിന് ഒട്ടും ഇഷ്ടമായിരുന്നില്ല. “ഇയാൾ വെറുമൊരു ഭീരുവായതുകൊണ്ടാണ് പ്രതികരിക്കാത്തത്” എന്ന് അവൻ വിശ്വസിച്ചു.
ഒരു ദിവസം സന്യാസി തന്റെ ശിഷ്യന്മാർക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവിടേക്ക് ആ യുവാവ് കടന്നുവന്നു. വന്നപാടെ അവൻ സന്യാസിയെ ചീത്തവിളിക്കാൻ തുടങ്ങി. അച്ഛനെയും അമ്മയെയും ചേർത്ത് വളരെ മോശമായ വാക്കുകൾ അവൻ വിളിച്ചു പറഞ്ഞു. സന്യാസി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവന് ദേഷ്യം കൂടി. അവൻ സന്യാസിയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.
ശിഷ്യന്മാർക്ക് ദേഷ്യം സഹിക്കാനായില്ല. അവർ അവനെ അടിക്കാൻ എഴുന്നേറ്റു. പക്ഷെ സന്യാസി കൈയുയർത്തി അവരെ തടഞ്ഞു. അദ്ദേഹം വളരെ ശാന്തനായി തന്റെ മേൽവസ്ത്രം കൊണ്ട് മുഖം തുടച്ചു. എന്നിട്ട് ആ യുവാവിനോട് ചോദിച്ചു:
“സുഹൃത്തേ, നിനക്ക് ഇനിയും എന്തെങ്കിലും പറയാനുണ്ടോ?”
യുവാവ് അമ്പരന്നുപോയി. മുഖത്ത് തുപ്പിയാൽ പോലും ദേഷ്യം വരാത്ത ഇതെന്ത് മനുഷ്യൻ? അവൻ ഒന്നും മിണ്ടാതെ, അപമാനഭാരത്തോടെ അവിടെ നിന്നും പോയി.
അന്ന് രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല. സന്യാസിയുടെ ശാന്തമായ മുഖം അവനെ വേട്ടയാടി. താൻ ചെയ്തത് വലിയ തെറ്റാണെന്ന് അവന് തോന്നി. പിറ്റേന്ന് രാവിലെ തന്നെ അവൻ സന്യാസിയുടെ കാൽക്കൽ വീണ് മാപ്പ് പറയാൻ ആശ്രമത്തിലെത്തി.
അവൻ സന്യാസിയുടെ കാലിൽ വീണ് കരഞ്ഞുകൊണ്ട് പറഞ്ഞു: “ഗുരോ, എന്നോട് ക്ഷമിക്കണം. ഇന്നലെ ദേഷ്യം കൊണ്ട് ഞാൻ അങ്ങയോട് മോശമായി പെരുമാറി. എനിക്ക് മാപ്പ് നൽകിയാലും.”
സന്യാസി ചിരിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ എന്തിനാണ് നിനക്ക് മാപ്പ് തരുന്നത്? ഇന്നലെ എന്നെ ചീത്തവിളിച്ച ആ മനുഷ്യൻ ഇന്നില്ല. അത് ഇന്നലെ കഴിഞ്ഞുപോയി. അതുപോലെ ആ ചീത്തവിളി കേട്ട മനുഷ്യനും ഇന്നില്ല. നമ്മൾ രണ്ട് പുതിയ ആളുകളാണ്. ഒഴുകിപ്പോയ വെള്ളം തിരികെ വരാറില്ലല്ലോ.”
യുവാവിന് അത് മനസ്സിലായില്ല. അപ്പോൾ സന്യാസി അവനോട് ഒരു ചോദ്യം ചോദിച്ചു:
“അല്ലയോ യുവാവേ, നീ ഒരാൾക്ക് ഒരു സമ്മാനം കൊണ്ടുപോയി കൊടുക്കുന്നു എന്ന് വിചാരിക്കുക. പക്ഷെ അയാൾ ആ സമ്മാനം സ്വീകരിക്കാൻ തയ്യാറായില്ല. എങ്കിൽ ആ സമ്മാനം പിന്നെ ആർക്കുള്ളതാണ്?”
യുവാവ് പറഞ്ഞു: “അയാൾ വാങ്ങിച്ചില്ലെങ്കിൽ ആ സമ്മാനം എന്റെ കയ്യിൽത്തന്നെ ഇരിക്കും. അത് എനിക്കുള്ളതാണ്.”
സന്യാസി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “ശരിയാണ്. അതുപോലെ, ഇന്നലെ നീ എനിക്ക് കുറെ തെറിവാക്കുകളും അധിക്ഷേപങ്ങളും സമ്മാനമായി തന്നു. പക്ഷെ ഞാൻ അത് സ്വീകരിച്ചില്ല. അപ്പോൾ ആ തെറിവാക്കുകൾ ഇപ്പോൾ ആരുടെ കയ്യിലാണ് ഇരിക്കുന്നത്?”
താൻ നൽകിയ ദേഷ്യവും വെറുപ്പും സന്യാസി സ്വീകരിക്കാത്തതുകൊണ്ട്, അത് തന്റെ ഉള്ളിൽത്തന്നെ കിടന്ന് തന്നെത്തന്നെയാണ് വേദനിപ്പിക്കുന്നതെന്ന് ആ യുവാവ് തിരിച്ചറിഞ്ഞു.
ഈ കഥ “അകത്തേക്ക് തുറക്കുന്ന വാതിൽ: സെൻ കഥകൾ” എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. കൂടുതൽ കഥകൾക്ക് സെൻ കഥകൾ മലയാളത്തിൽ കാണുക.



