ഭാരതീയ തത്വചിന്ത എന്ന് കേൾക്കുമ്പോൾ വേദങ്ങളും, ഉപനിഷത്തുകളും, ആത്മീയതയുമാണ് നമ്മുടെ മനസ്സിൽ വരിക. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇതിനെയെല്ലാം എതിർത്ത ഒരു കൂട്ടർ ഇവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

ദൈവത്തിലോ, ആത്മാവിലോ, സ്വർഗ്ഗനരകങ്ങളിലോ വിശ്വസിക്കാത്ത അവരുടെ ദർശനമാണ് ചാർവാകം (Charvaka).

കണ്ണിനു മുന്നിലുള്ളത് മാത്രം സത്യം


ചാർവാകന്മാർക്ക് ലളിതമായ ഒരു നയമേ ഉണ്ടായിരുന്നുള്ളൂ: “പ്രത്യക്ഷമാണ് പ്രമാണം.”
അതായത്, കൺമുന്നിൽ കാണുന്നതും പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയുന്നതും മാത്രമേ സത്യമുള്ളൂ. കാണാത്ത ഒന്നിനെയും (ഉദാഹരണത്തിന് ദൈവം, സ്വർഗ്ഗം, പുനർജന്മം) അവർ വിശ്വസിച്ചിരുന്നില്ല. മരിച്ചാൽ ശരീരം ചാരമാകും, അതോടെ എല്ലാം തീർന്നു എന്നതായിരുന്നു അവരുടെ വാദം.

കടം വാങ്ങിയും നെയ്യ് കൂട്ടുക
ചാർവാക ദർശനത്തിലെ ഏറ്റവും പ്രശസ്തമായ  വരികൾ ഇങ്ങനെയാണ്:

“യാവത് ജീവേത് സുഖം ജീവേത്
റിണം കൃത്വാ ഘൃതം പിബേത്
ഭസ്മീഭൂതസ്യ ദേഹസ്യ
പുനരാഗമനം കുതഃ”

ഇതിന്റെ അർത്ഥം ഇതാണ്:
“ജീവിക്കുന്ന അത്രയും കാലം സുഖമായി ജീവിക്കുക. പണമില്ലെങ്കിൽ കടം വാങ്ങിയിട്ടാണെങ്കിലും നെയ്യ് കൂട്ടി ഭക്ഷണം കഴിക്കുക. ഒരിക്കൽ ചാരമായിക്കഴിഞ്ഞാൽ പിന്നെ ഈ ശരീരം തിരിച്ചുവരില്ലല്ലോ.”

ഇതുകൊണ്ട് എന്ത് പ്രയോജനം? 

കേൾക്കുമ്പോൾ ഇത് വെറുമൊരു “അടിച്ചുപൊളി” ജീവിതരീതിയായി തോന്നാം. എന്നാൽ അന്നത്തെ കാലത്ത് അന്ധവിശ്വാസങ്ങൾക്കും യാഗങ്ങൾക്കും എതിരെ ശബ്ദമുയർത്താൻ ചാർവാകന്മാർ കാണിച്ച ധൈര്യം വലുതാണ്.

നാളെ ലഭിക്കാൻ പോകുന്ന സ്വർഗ്ഗത്തിന് വേണ്ടി, ഇന്നത്തെ ജീവിതം ദുരിതമാക്കരുത് എന്ന് അവർ ഓർമ്മിപ്പിച്ചു. പരലോകത്തെക്കുറിച്ച് ആകുലപ്പെടാതെ, ഈ ലോകത്തിൽ സന്തോഷം കണ്ടെത്താനാണ് ചാർവാകം നമ്മളോട് പറയുന്നത്.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending