ധാർമ്മികത (Ethics) എന്നത് വലിയൊരു കുഴപ്പം പിടിച്ച വിഷയമാണ്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് തീരുമാനിക്കാൻ ചിലപ്പോൾ വലിയ ബുദ്ധിമുട്ടാണ്. ഇത് മനസ്സിലാക്കാൻ തത്വചിന്തകർ ഉപയോഗിക്കുന്ന ഒരു ഉദാഹരണമാണ് ‘ട്രോളി പ്രശ്നം’ (The Trolley Problem).

എന്താണ് ട്രോളി പ്രോബ്ലം ? 

നിങ്ങൾ ഒരു റെയിൽവേ ട്രാക്കിന് അരികിൽ നിൽക്കുകയാണെന്ന് കരുതുക. നിയന്ത്രണം വിട്ട ഒരു ട്രോളി (ചെറിയ ട്രെയിൻ) പാളത്തിലൂടെ ചീറിപ്പാഞ്ഞ് വരുന്നുണ്ട്.
നോക്കുമ്പോൾ ആ ട്രാക്കിൽ 5 പേർ ജോലി ചെയ്യുന്നുണ്ട്. ട്രോളി അവരെ ഇടിച്ചാൽ 5 പേരും മരിക്കും.

നിങ്ങളുടെ കൈയിൽ ഒരു ലിവർ ഉണ്ട്. അത് വലിച്ചാൽ ട്രോളിയുടെ ഗതി മാറ്റാം. പക്ഷേ അടുത്ത ട്രാക്കിൽ ഒരാൾ ജോലി ചെയ്യുന്നുണ്ട്. ലിവർ വലിച്ചാൽ ആ ഒരാൾ മരിക്കും, പക്ഷേ 5 പേർ രക്ഷപ്പെടും.

നിങ്ങൾ എന്ത് ചെയ്യും?

  1. ഒന്നും ചെയ്യാതിരിക്കുക (5 പേർ മരിക്കുന്നു).

  2. ലിവർ വലിക്കുക (ഒരാളെ കൊന്ന് 5 പേരെ രക്ഷിക്കുന്നു).

യൂട്ടിലിറ്റേറിയനിസം – കൂടുതൽ പേർക്ക് കൂടുതൽ ഗുണം 

ജെറമി ബെന്താം, ജോൺ സ്റ്റുവർട്ട് മിൽ തുടങ്ങിയ ചിന്തകർ മുന്നോട്ട് വെച്ച ആശയമാണിത്. ഇവരുടെ ഉത്തരം ലളിതമാണ്: “ലിവർ വലിക്കുക.”

അവരുടെ കണക്കിൽ 5 പേരുടെ ജീവന് ഒരാളുടെ ജീവനേക്കാൾ വിലയുണ്ട്.
“ഏറ്റവും കൂടുതൽ ആളുകൾക്ക്, ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യമാണ് ശരി” (The greatest good for the greatest number) എന്നതാണ് ഇവരുടെ നയം.

പക്ഷേ ഇതിൽ ഒരു പ്രശ്നമില്ലേ? 

ശരിയാണ്, കണക്കുകൾ നോക്കുമ്പോൾ അത് ലാഭമാണ്. പക്ഷേ നിരപരാധിയായ ആ ഒരാളെ കൊല്ലാൻ നമുക്ക് അവകാശമുണ്ടോ?
ഇനി ആ ഒരാൾ നിങ്ങളുടെ അച്ഛനോ അമ്മയോ ആണെങ്കിലോ? അപ്പോഴും നിങ്ങൾ ലിവർ വലിക്കുമോ?

നമ്മുടെ ജനാധിപത്യം പലപ്പോഴും പ്രവർത്തിക്കുന്നത് ഈ രീതിയിലാണ്. ഭൂരിപക്ഷത്തിന് ഇഷ്ടമുള്ളത് നടപ്പിലാക്കും. ന്യൂനപക്ഷം ചിലപ്പോൾ കഷ്ടപ്പെടേണ്ടി വരും. സംഖ്യകൾ നോക്കി മാത്രം തീരുമാനങ്ങൾ എടുക്കുന്നത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല എന്ന് ഈ പ്രശ്നം നമ്മളെ ഓർമ്മിപ്പിക്കുന്നു.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending